സാമുദായിക ഐക്യം, കൂട്ടായ്മ, സഹവർത്തിത്വം എന്നിവ നിലനിർത്തി സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തി സാമ്പത്തിക പരാധീനതകൾക്ക് ഒരു താങ്ങായി പ്രവർത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യങ്ങളോടെ രൂപീകൃതമായ വള്ളിക്കോട് നായർ സമാജം സുവർണ്ണ ജൂബിലിയിലേക്ക് അടുക്കുകയാണ്. 14.03.1976 ന് ചേർന്ന പ്രഥമ കൂടിയാലോചനാ യോഗവും തുടർന്ന് 26.03.1976 ന് വ്യക്തമായ ഭരണഘടനയും നിയമാവലിയും തയ്യാറാക്കി വ്യവസ്ഥാപിത രീതിയിൽ പ്രവർത്തനമാരംഭിച്ചതാണ് നമ്മുടെ സമാജം. കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ട്, നല്ലൊരു നാളെയെ ലക്ഷ്യമിട്ട് കൊണ്ട് സമുദായ അംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് മുന്നോട്ട് പോവുകയാണ്. അതോടൊപ്പം ദേശത്തിന്റെ പൊതു വികാരവും കീഴ് വഴക്കങ്ങും പാലിക്കപ്പെടുന്നതിലും യുക്തിസഹമായ നടപടികൾ എടുത്തു വരുന്നു. ക്ഷേത്ര കാര്യങ്ങളിലെ നമ്മുടെ മേൽക്കോയ്‌മ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിച്ചു വരുന്നു.
കാലഘട്ടത്തിൽ വന്ന മാറ്റം, തലമുറകളുടെ വിടവ് എന്നിവ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും പൂർവ്വികരുടെ ശൈലികൾ പലതും തുടരേണ്ടത് അനിവാര്യമാണ് അത് നമ്മുടെ കൂട്ടായ്മക്കും വ്യക്തിബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കുമെല്ലാം അടിത്തറയാവുകയാണ്.
സമാജത്തിന്റെ പ്രവർത്തനങ്ങൾ, ഫണ്ട് ശേഖരണം , വിതരണം, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ കാലാനുസൃത മാറ്റങ്ങൾക്കനുസരിച്ച് പുതു തലമുറയ്ക്ക് കൈകാര്യം ചെയ്യാവുന്ന രീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ച് വരുന്നു.